ദുബായി: രാഷ്ട്രീയ അന്തരീക്ഷത്തിന്റെ കാര്മേഘച്ചുരുളുകള്ക്കു താഴെ, ഗള്‍ഫിലെ അത്യുഷ്ണത്തില്‍ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന് ഇന്നു തുടക്കം. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ക്രിക്കറ്റ് കളത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടത്തിനുള്ള വേദിയൊരുക്കുന്നു എന്നതാണ് 2025 എഡിഷന് ഏഷ്യ കപ്പിന്റെ ഹൈലൈറ്റ്.
ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റിന്റെ നിയന്ത്രണം ബിസിസിഐക്ക് ആണെങ്കിലും, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അകലം വര്‍ധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ഇന്ത്യയും പാക്കിസ്ഥാനും ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളില്‍, ഇരു രാജ്യങ്ങളും ന്യൂട്രല്‍ വേദിയിലാണ് നിലവില്‍ കളിച്ചുവരുന്നതെന്നത്.
വിയര്‍ത്തൊഴുകും
ഏഷ്യ കപ്പ് 2025 എഡിഷന്റെ ഉദ്ഘാടന ദിനമായ ഇന്ന് ദുബായിയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 41 ഡിഗ്രി സെല്‍ഷസാണ്. ഹ്യുമിഡിറ്റി 43 ശതമാനവും. മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. 37 ഡിഗ്രി സെല്‍ഷസ് ആയിരിക്കും അപ്പോഴത്തെ താപനില എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന വിവരം. കളിക്കാര്‍ കളത്തില്‍ വിയർത്തൊഴുകുമെന്നു ചുരുക്കം.
5+3= 8
അഞ്ച് ഐസിസി ഫുള്മെംബര് ടീമുകളും മൂന്ന് അസോസിയേറ്റഡ് ടീമുകളും ചേര്‍ന്ന് ആകെ എട്ട് ടീമുകളാണ് 2025 ഏഷ്യ കപ്പില്‍ മത്സരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണ് ഫുള്‍ മെംബര്‍മാര്‍. 2024 എസിസി പ്രീമിയര്‍ കപ്പില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ സ്വന്തമാക്കിയ യുഎഇ, ഒമാന്‍, ഹോങ്കോംഗ് ടീമുകളാണ് അസോസിയേറ്റ് അംഗങ്ങള്‍.
രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏഷ്യ കപ്പ്, 2026 ഐസിസി ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ട്വന്റി-20 ഫോര്‍മാറ്റിലാക്കിയത്. 2023ല്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നു ഏഷ്യ കപ്പില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
ഫോര്‍മാറ്റ്, വേദികള്‍
ഇന്നാരംഭിക്കുന്ന ടൂര്‍ണമെന്റ് 28വരെ നീളും. ആകെ 19 മത്സരങ്ങളാണ് 2025 ഏഷ്യ കപ്പില്‍. ദുബായിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, അബുബാദിയിലെ ഷെയ്ഖ് സയീദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നീ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
നാലു ടീമുകളായി തിരിച്ച രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കും. സൂപ്പര്‍ ഫോര്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബായിലാണ്.
ഇന്ത്യ x പാക്കിസ്ഥാന്
ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം 14-ാം തീയതി (ഞായര്‍) രാത്രി എട്ടിന് ദുബായില്‍ അരങ്ങേറും. ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെട്ടിരിക്കുന്നത്. നാളെ യുഎഇക്ക് എതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. 19നു നടക്കുന്ന ഒമാന്‍ ടീമിന് എതിരായ മത്സരം ഒഴികേയുള്ള ഇന്ത്യയുടെ ബാക്കി എല്ലാ കളികള്‍ക്കും ദുബായ് വേദിയാകും. ഇന്ത്യ x ഒമാന്‍ പോരാട്ടം അബുദാബിയിലാണ്.
ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, ഒമാൻ, യുഎഇ
ഗ്രൂപ്പ് ബി: ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോംഗ്